Friday 10 August 2012

ഗര്‍ഭണന്‍

[ഒരു ഓര്‍മ്മപ്പെടുത്തല്‍ : എന്റെ ഒരു ഭ്രാന്തന്‍ ചിന്താഗതിയാണ് ഈ പോസ്റ്റിനു വഴിവെച്ചത്...വായനക്കാര്‍ ഇതു എങ്ങനെ ഉള്‍ക്കൊള്ളും എന്നെനിക്കു അറിയില്ല .പക്ഷെ
ലക്‌ഷ്യം ഒന്നുമാത്രം ഒരു പരിഹാസത്തിലൂടെ ചിരിപ്പിക്കുക 'പിന്നെ'  ചിന്തിപ്പിക്കുക അത്രമാത്രം ]

നിഷ്കളങ്കമായ ബാല്യത്തിന്റെ പ്രതീകമായി മണിക്കുട്ടന്റെ ബാല്യത്തെ ഞാന്‍ കടമെടുക്കുന്നു..

മണിക്കുട്ടന്‍ കുട്ടിക്കാലത്തെ തന്നെ ഒരു ജിഞാസകുതുകി ആയിരുന്നു. അവന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ടീച്ചര്‍മാര്‍ക്കും അച്ഛനമ്മമാര്കും പലപ്പോഴും ഉത്തരമ്മുട്ടിപ്പോകും.

ടീച്ചര്‍മാര്‍ പലപ്പോഴും അവന്റെ ചോദ്യങ്ങള്‍ കേട്ട്  ഉത്തരം മുട്ടുമ്പോള്‍ "മോനേ റെഫര്‍ ചെയ്തിട്ട് പറയാം" എന്ന് പറഞ്ഞു തടിതപ്പും .
എന്നാല്‍ പാവം അച്ഛനും അമ്മയുമാകട്ടെ  "മോനെ മിണ്ടാതിരുന്നാല്‍ മിട്ടായി വാങ്ങിത്തരാം" തുടങ്ങിയ വാഗ്ദാനങ്ങള്‍  നല്‍കി രക്ഷപെടും.

അങ്ങനെയിരിക്കെ മണിക്കുട്ടന്‍ ഒന്നംക്ലാസ്സില്‍ പഠിക്കുന്ന കാലം....
ഒരു അവധി ദിവസം മണിക്കുട്ടന്‍ കളിക്കുന്നതിനിടയില്‍ അമ്മയോട് ചോദിച്ചു ...അമ്മേ നമ്മടെ ശാരദ ആന്റി ഇപ്പം ഇങ്ങോട്ട് വരാത്തതെന്താ. മറ്റേത് ഇടയ്ക്കു എന്റെ കൂടെ കളിക്കാനൊക്കെ വരുന്നതാ..എന്താ നമ്മളോട് പിണക്കമാണോ അമ്മേ...?

പിണക്കമോന്നുമല്ല മോനെ ,അവളെ ഇനി രണ്ടു മാസം കഴിഞ്ഞു നോക്കിയാ മതി  അവള്‍ സിസ്സേര്ര്യന്‍ കഴിഞ്ഞു കിടക്കുകയല്ലേ  ഗര്‍ഭിണി അല്ലായിരുന്നുവോ അവള്‍ ..അമ്മയുടെ മറുപടി ....

മണിക്കുട്ടന്‍ : ഓഹോ ഗര്‍ഭിണി ആയിരുന്നു അല്ലേ?????

പെട്ടെന്ന് മണിക്കുട്ടനിലെ ജിഞാസകുതുകി ഉണര്‍ന്നു... മണിക്കുട്ടന്റെ ചോദ്യം ഉടനെ അമ്മയുടെ നേര്‍ക്ക്, അമ്മേ എന്താ ഈ സിസ്സെര്ര്യന്‍ ?
അമ്മ പെട്ടെന്ന് ഒന്ന് ഞെട്ടി ,അല്പം ആലോചിച്ചതിനു ശേഷം  അമ്മ തുടര്‍ന്നു, മൊനേ സുഘപ്രസവം നടക്കാതെ വരുമ്പോള്‍ ഡോക്ടര്‍ വയര്‍ കീറി കുട്ടിയെ വെളിയില്‍ എടുക്കും അതാണ് സിസ്സെര്യന്‍..

എന്താണ് സുഘപ്രസവം എന്നായിരിക്കും മണിക്കുട്ടന്റെ അടുത്ത ചോദ്യം എന്ന് മനസിലാക്കിയത്കൊണ്ടാണോ എന്തോ അമ്മ പെട്ടെന്ന് പറഞ്ഞു..
 ആഹ മതി മതി പോയി പടിക്ക് നാളെ പരീക്ഷ അല്ലെ ..ചെല്ല് പോ ..!!!!!

മണിക്കുട്ടന്‍ വീണ്ടും ആലോചനയിലായി ഗര്‍ഭം,സിസ്സെര്യന്‍ തുടങ്ങിയ പെരുത്ത വാക്കുകള്‍ അവന്റെ കൊച്ചു തലയില്‍ കിടന്നു മൂളാന്‍ തുടങ്ങി....
വൈകുന്നേരം എല്ലാവരും ചായകുടിക്കാനായി ഒത്തുകൂടിയ സമയം ,മണിക്കുട്ടന് തന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ പറ്റിയ തക്കമാനെന്നു മനസിലായി ...അവന്‍ പതിയെ അമ്മുമ്മയുടെ അടുത്തെത്തി പതുങ്ങിയ സ്വരത്തില്‍ ചോദിച്ചു അമ്മുമ്മേ ഈ ഗര്‍ഭം ഉണ്ടാവുന്നത് എങ്ങനെയാ???!!!!!!!!!

പെട്ടെന്ന് അസ്ഥാനത്തുള്ള ചോദ്യം കേട്ട് അമ്മുമ്മ കഴിച്ചുകൊണ്ടിരുന്ന പുഴുങ്ങിയ കാച്ചില്‍ കഷണം താന്‍ പോലുമറിയാതെ അങ്ങ് വിഴുങ്ങിപ്പോയി .....
ഒന്നാലോചിചിട്ട്ട് അമ്മുമ്മ പറഞ്ഞു "മൊനേ ഗര്‍ഭം ഉണ്ടാവാന്‍ കല്യാണം കഴിക്കണം പിന്നെ ഗര്‍ഭം താനേ വരും "
ഉത്തരം പറഞ്ഞു തീരുന്നതിനു മുന്പ് മണിക്കുട്ടന്റെ അടുത്ത ചോദ്യം അമ്മുമ്മക്ക്‌ നേരെ ശരം പോലെ ...
അമ്മുമ്മേ അപ്പം ഈ ആണുങ്ങള്‍ക്ക് ഗര്‍ഭം വരാത്തതെന്താ അവരും കല്യാണം കഴിക്കുന്നുണ്ടല്ലോ ??
ഇത്തവണ മണിക്കുട്ടന്‍ എല്ലാവരെയും ഉത്തരം മുട്ടിച്ചുകളഞ്ഞു .ആര്‍ക്കും ഒരു മിണ്ടാട്ടവുമില്ല.
സംഗതി വഷളാകുമെന്നു മനസിലായ അമ്മ ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി അടുക്കളയിലേക്കു...

പാവം അപ്പുപ്പനും അമ്മുമ്മയും .....നീ ഞങ്ങളെ പുലിമടയില്‍ എറിഞ്ഞു കൊടുത്തിട്ട് പോയല്ലോടി എന്ന ഭാവത്തില്‍ അമ്മുമ്മ തന്റെ മരുമകളെ ദയനീയമായി ഒന്ന്  നോക്കി ...
ഏതായാലും കുറച്ചു കഴിഞ്ഞപ്പോള്‍ പരീക്ഷയില്‍ ഉത്തരം ഓര്‍ത്തെടുത്ത ഒരു  കുട്ടിയുടെ സന്തോഷത്തോടെ അപ്പുപ്പന്‍ പറഞ്ഞു ..."മൊനേ പണ്ഡിത എന്നുള്ള വാക്കിന്റെ പുല്ലിംഗം പറ കേള്‍ക്കട്ടെ ???"
മണിക്കുട്ടന്‍ ഉച്ചത്തില്‍ പണ്ഡിതന്‍  ...
അപ്പുപ്പന്‍ വീണ്ടും ,അപ്പോള്‍  സുന്ദരി എന്നുള്ളതിന്റെയോ?
മണിക്കുട്ടന്‍ ,വീണ്ടും ഉച്ചത്തില്‍ സുന്ദരന്‍ ....

ശരി അപ്പം ഗര്‍ഭിണി എന്നുള്ളതിന്റെ പുല്ലിംഗംമോ ???
മിണ്ടാട്ടമില്ലാതെ നിന്ന മനിക്കുട്ടനോടായി അപ്പുപ്പന്‍ പറഞ്ഞു "അങ്ങനെ ഒന്നില്ല മോനേ മണിക്കുട്ടാ ...!!!"
വാ പോളിച്ചുനിന്ന മണിക്കുട്ടനോട്‌ അപ്പുപ്പന്‍ വിശദീകരിച്ചു "മൊനേ ഗര്‍ഭിണിക്ക് ആരും പുല്ലിംഗം കണ്ടുപിടിച്ചിട്ടില്ല ഇതുവരെ ..അതുകാരണമാണ് ആണുങ്ങള്‍ക്ക് ഗര്‍ഭം ഉണ്ടാകാത്തത് ...!!!"

പെട്ടെന്ന് ഉത്തരം കിട്ടിയ സന്തോഷത്തില്‍ മണിക്കുട്ടന്‍ ആലോചിച്ചു ഓ ഈ അപ്പുപ്പന്‍ എന്തൊരു മിടുക്കനാ എന്തൊരു അറിവാണ് ..
പിന്നീട് മണിക്കുട്ടന്റെ ആലോചന പലതായി ..ഓ അപ്പം ഗര്‍ഭിണിക്ക്‌ പുല്ലിംഗം ഇല്ലാത്തതാണ് കുഴപ്പം. ആരെങ്കിലും അത് കണ്ടെത്തിയാല്‍ പ്രശ്നം തീരില്ലേ .മണിക്കുട്ടന്‍ പതുക്കെ ആലോചനയില്‍ മുഴുകി...

                            പണ്ഡിത ----പണ്ഡിതന്‍
                               സുന്ദരി --------സുന്ദരന്‍
          തെക്കേലെ  രമണി -----വടക്കേലെ രമണന്‍

അങ്ങനെ ആണെങ്കില്‍ ഗര്‍ഭിണി ---- ഗര്ഭണന്‍ അല്ലാതെന്താ....കിട്ടിപ്പോയി ....മണിക്കുട്ടന്‍ തുള്ളിച്ചടിക്കൊണ്ട് അപ്പുപ്പന്റെ മുറിയിലേക്ക് ...അപ്പോഴേക്കും അപ്പുപ്പന്‍ ഉറക്കം പിടിച്ചിരുന്നു.മണിക്കുട്ടനെ കണ്ട അമ്മ  ശകാരിച്ചു  കിടന്നുറങ്ങടാ നാളെ പരീക്ഷ ...
മണിക്കുട്ടന്‍ മനസ്സില്‍ മന്ത്രിച്ചു ഓ ഈ അമ്മയോട് എന്റെ കണ്ടുപിടുത്തം പറയണ്ട അമ്മക്ക് അത്ര വിവരം പോര .
ഉറങ്ങാനായി കട്ടിലില്‍ കിടന്ന മണിക്കുട്ടന്റെ ചിന്ത മുഴുവന്‍ തന്റെ കണ്ടുപിടുതത്തില്‍ ആയിരുന്നു .താന്‍ വല്യ ഒരു സംഭവമാണെന്ന് മണിക്കുട്ടന്‍ തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത് .പതിയെ മണിക്കുട്ടന്‍ ഉറക്കം പിടിച്ചു ...
പെട്ടെന്ന് തന്നെ മണിക്കുട്ടന്‍ ഒരു സ്വപ്നതിലെക്കങ്ങു വഴുതി വീണു .....

താന്‍ കണ്ടെത്തിയ പേര് ലോകം മുഴുവന്‍ അംഗീകരിച്ചു അങ്ങനെ ഗര്‍ഭിണിക്ക്‌ പുല്ലിംഗം കിട്ടിയപ്പോള്‍ നാട്ടിലുള്ള പുരുഷന്മാര്‍ ഗര്‍ഭം ധരിക്കാന്‍ തുടങ്ങി .
സ്വപ്നത്തില്‍ മണിക്കുട്ടന്‍ പെട്ടന്നങ്ങ് വളര്‍ന്നു ,വിവാഹം കഴിച്ചു ,കുറച്ചുനാള്‍ കഴിഞ്ഞു ഗര്ഭണന്‍ ആയി ..

മണിക്കുട്ടന്റെ വയര്‍ കണ്ട്‌ മറ്റു പുരുഷന്മാര്‍ കളിയാക്കാന്‍ തുടങ്ങി ..വെളിയില്‍ ഇറങ്ങാന്‍ വയ്യാത്ത   അവസ്ഥ ,....ഇറങ്ങിയാല്‍ അയല്‍പക്കത്തുള്ള പുരുഷന്മാരുടെ അടക്കം പറച്ചിലുകള്‍ "കണ്ടോടാ അവന്റെ വയര്‍ കണ്ടോ ഞാന്‍ ഗര്ഭണന്‍ ആയിരുന്നപ്പോള്‍ എനിക്ക് ഇത്രേം വയര്‍ ഇല്ലായിരുന്നു നിനക്കോടാ ?,,എനിക്കും ഇല്ലായിരുന്നു ..വയര്‍ കണ്ടിട്ട് കുട്ടി ഇരട്ടയാണോ അതോ മൂന്ന്‍ അനോന്നു സംശയം ..." തുടങ്ങിയ പറച്ചിലുകള്‍ ....

വെളിയില്‍ പോയിട്ട് തിരിച്ചു വന്നാലോ ,ആദ്യം അമ്മുമ്മ ചാടി വീഴും എന്നിട്ട് ഒരു പിടി മുളകെടുത്ത് മണിക്കുട്ടനെ ഉഴിയും എന്നിട്ട്  അതില്‍ തുപ്പും (പകുതി തുപ്പല്‍ മണിക്കുട്ടന്റെ മുഖത്തും ), പിന്നെ കുമ്പളങ്ങ ഉഴിയുക ,കര്‍പ്പൂരം ഉഴിയുക തുടങ്ങിയ പ്രക്രിയകള്‍ .പിന്നെ അമ്മയുടെ വക ചരടും പലവിധ ജ്യോതിഷികള്‍ പൂജിച്ച തകിടുകളും മറ്റും അണിയിക്കല്‍ ...അതുതന്നെ മണിക്കുട്ടന്റെ ശരീര ഭാരത്തെ ഇരട്ടിയാക്കി ...

മണിക്കുട്ടന്റെ സഹായത്തിനായി ഏല്പ്പിച്ചിരിക്കുന്നത്  നാട്ടിലെ പ്രശസ്ത വയറ്റാട്ടി നാണിയമ്മ ...ഉണ്ണാനും ഉറങ്ങാനും എന്തിനു ഒന്ന് അനങ്ങാന്‍ പോലും നാണിയമ്മയുടെ അനുവാദം വേണ്ട അവസ്ഥ .പിന്നെ കൂട്ടത്തില്‍ നൂറു പേര്‍ എടുത്ത പാരമ്പര്യം വിളംബിയുള്ള നാണിയമ്മയുടെ പുളുവടി ...അവര്‍ പേര്‍ എടുത്തിട്ടാണ്  ഇന്നത്തെ പ്രസിഡന്റ്‌ പ്രസിഡന്റ്‌ ആയിരിക്കുന്നതെന്നും കളക്ടര് കളക്ടറായിരിക്കുന്നതെന്നും മറ്റുമൊക്കെ..

മണിക്കുട്ടന്‍ ഓരോ തവണ മുറ്റത് ഇറങ്ങുപോഴും നാണിയമ്മ ഓടിവന്നു മുറ്റത് നില്‍ക്കുന്ന ഏതെങ്കിലുമൊരു പുല്ലിന്റെ മണ്ട നുള്ളി മണിക്കുട്ടന്റെ തലയില്‍ വെക്കും ..എന്ത് ഭ്രാന്താന്നിതെന്നു  ചോതിച്ചാല്‍ നാണിയമ്മയുടെ ഉത്തരം ഇതാണ് ..."അങ്ങ് തെക്കന്‍ നാടുകളില്‍ ഒരു വിശ്വാസമുണ്ട് ഗര്‍ഭിണികള്‍ മുറ്റത് ഇറങ്ങുമ്പോള്‍ ഏതെങ്കിലും പറവകള്‍ തലയ്ക്കു മീതെ പറന്നാല്‍ ജനിക്കുന്ന കുട്ടിക്ക് വാല്‍മക്ക്രിയുടെ ച്ചായ ആയിപ്പോകുമെന്ന് ..അത് ഉണ്ടാകാതിരിക്കാനുള്ള സൂത്രമാ ഇത് "തുരുമ്പ് വെക്കുക" എന്ന് പറയും ....

ഏതായാലും നാണിയമ്മ പൂര്‍വാധികം ഭംഗിയായി ആ പ്രക്രിയ അങ്ങ് നടത്തി പോന്നു ..ചുരുങ്ങിയ ദിവസംകൊണ്ട് മുറ്റം വെളുത്തു പക്ഷെ മണിക്കുട്ടന്റെ തല ഒരു കുറ്റിക്കാടായി മാറി ...!!!!!!!
.പിന്നെ നാണിയമ്മയുടെ വക ലോകത്തുള്ള സകല  ചെടികളുടെ ഇലയും കായും എല്ലാം കലക്കി മണിക്കുട്ടനെ കുടുപ്പിക്കുക, ഗര്‍ഭ ശുശ്രൂഷ എന്ന പേരിലുള്ള പീഡനം അങ്ങനെ തുടര്‍ന്ന് പോയി ...
പിന്നെ വയറുകാനല്‍ ചടങ്ങ് ,വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുമിച്ചു കണ്ടു നുണയും കൊതിയും പറയാനുള്ള ഒരു ചടങ്ങ് അതിനു കരുവായതോ പാവം മണിക്കുട്ടന്റെ വയറും ...
പിന്നെ മണിക്കുട്ടന്റെ ഭാര്യയുടെ വക സ്ഥിരമായുള്ള മസാലദോശയും പുളിമാങ്ങയും..അങ്ങനെ മണിക്കുട്ടന്‍ പോകെ പോകെ ഒരു രോഗി ആയി മാറി .

ഹോ എങ്ങനെയും ഒന്ന് പെറ്റു പണ്ടാരം അടങ്ങിയ മതിയായിരുന്നു മണിക്കുട്ടന്റെ ആത്മ ഗദ്ഗതം ...അങ്ങനെ മണിക്കുട്ടന്റെ ഗര്‍ഭം എട്ടാം മാസമായി ..

വീട്ടുക്കാര്‍ കുടുംബ ജ്യോത്സ്യനെ വിളിച്ചുവരുത്തി .വീട്ടുകാരുടെ അഭിപ്രായപ്രകാരം ജ്യോത്സ്യന്‍ എല്ലാ യോഗങ്ങളും ഒത്തിണങ്ങിയ ഒരു സമയം കുറിച്ച് ...അടുത്ത തിങ്കളാഴ്ച ജ്യോത്സ്യന്‍ തിരുവായ മൊഴിഞ്ഞു .

കുറിച്ച സമയവുമായി വീട്ടുകാര്‍ നേരെ ഡോക്ടറുടെ 
അടുത്തേക്ക് .ഡോക്ടര്‍ കാര്യം കേട്ടിട്ട് പറഞ്ഞു എട്ടു മാസമെല്ലേ ആയുള്ളൂ !!!!
ഡോക്ടറുടെ സന്ഗോജം കണ്ട്‌ വീട്ടുകാര്‍ ചോദിച്ചു എന്താണ് ഡോക്ടര്‍ ...എന്തെങ്കിലും കുഴപ്പം ...
ഡോക്ടര്‍ ആലോചനക്കു ശേഷം ..കുട്ടിക്ക് ഒരു ചെവി കിളിര്തിട്ടില്ല ..

ഇത് കേട്ട വീട്ടുകാര്‍ ഒരേ സ്വരത്തില്‍  ..."ഓ അത്രേ ഉള്ളോ ഡോക്ടര്‍ അത് കുഴപ്പമില്ല മറ്റേ ചെവി ഉണ്ടല്ലോ അത് മതി പക്ഷെ ഇനി ഇതുപോലെ യോഗങ്ങള്‍ ഒത്ത ഒരു ഡേറ്റ് കിട്ടില്ല സിസ്സെര്യന്‍ എങ്ങനെയും നടത്തണം ഡോക്ടര്‍ പ്ലീസ്....." ഡോക്ടര്‍ക്ക്‌ തന്റെ കിഴിപ്പണവും കൈമാറി ...ഡേറ്റ് ഉറപ്പിച്ചു ..

ദിവസങ്ങള്‍ പെട്ടെന്ന് പോയി .തിങ്കളാഴ്ച ആയി മണിക്കുട്ടന്‍  നേരെ ഓപെരറേഷന്‍ തെയെട്ടെരിലേക്ക് ..
ഇരുചെവി അറിയാതെയുള്ള ഈ നീക്കങ്ങള്‍ എങ്ങനെയോ വെളിയിലായി .ആരോ ആന്റി സിസ്സെര്യന്‍ കൌണ്‍സിലില്‍ പരാതി നല്‍കി ..കൌന്‍സില്‍ രഹസ്യ പോലിസായ കുട്ടന്‍ പിള്ളയെ കേസ്‌ ഏല്‍പ്പിച്ചു ..

ഒരു ക്രിമിയായ കുട്ടന്‍പിള്ള അന്ന്  രാവിലെ മുതല്‍ ഓപെരറേഷന്‍ തെയെട്ടെരിന്റെ മുന്നില്‍ ഡോക്ടര്‍ അകത്തു കേറുന്നതും നോക്കി മീശയും പിരിച്ചു കാവല്‍ .
എന്നാല്‍ കാശ് വാങ്ങിയും പോയി ഡോക്ടര്‍ക്ക്‌ ചെയ്യാതിരിക്കാനും വയ്യ .ബുദ്ധിമാനായ ഡോക്ടര്‍ ഒരു നഴ്സിന്റെ വേഷം ധരിച് ഉള്ളില്‍ കടന്നു ...

ഉള്ളില്‍ കടന്ന ഡോക്ടര്‍ എന്തിനോ വേണ്ടി പരതി ആകെ, അസ്വസ്ഥനായ ഡോക്ടറോട് ഒരു നഴ്സ് കാര്യം തിരക്കി ..ഡോക്ടര്‍ ക്ഷുഭിതനായി പറഞ്ഞു എന്റെ കണ്ണാടി കാണുന്നില്ല ..ഉടനെ ചിരിച്ചുകൊന്ഗ് നഴ്സിന്റെ മറുപടി ,കണ്ണാടി സാറിന്റെ മൂക്കിലല്ലേ ഇരിക്കുന്നത് ..
ഇതെല്ലാം കേട്ടുകൊണ്ട് ഓപെരറേഷന്‍ കട്ടിലില്‍ കിടന്ന മണിക്കുട്ടന്‍ ഒന്ന് ഞെട്ടി ..അയ്യോ ഒരു സാധനം വെച്ചാല്‍ വെച്ചിടം അറിയാത്ത ഈ മണ്ടനാണോ കത്തിയും മുള്ളുമായി എന്നെ ഓപെരറേഷന്‍ ചെയ്യുന്നത് ..മണിക്കുട്ടന്‍ കരഞ്ഞു ..

കത്തിയുമായി ഓപെരറേഷന്‍  ആരംഭിക്കാന്‍ പോയ ഡോക്ടര്‍ എന്തോ കണ്ടു ഭയപ്പെട്ട പോലെ കത്തി താഴെ ഇട്ടു ...ഒരു സിസ്സെര്യന്‍ വിരുതനായ ഡോക്ടറെ പിടികൂടാന്‍ നാല്  പാപ്പരാസി പത്രപ്രവര്‍ത്തകര്‍ എപ്പോഴും ഡോക്ടറുടെ പിന്നാലെ ഉണ്ടായിരുന്നു അതിലൊരുവള്‍ നഴ്സിന്റെ വേഷം ധരിച്ചു ക്യാമറയുമായി നില്‍ക്കുന്നു സംഭവം എല്ലാം ലൈവ് ആയി പിടിക്കാന്‍ ഡോക്ടര്‍ പെട്ടെന്ന് തീട്ടെരിനു വെളിയിലേക്ക് 
ഓടി ..പാവം മണിക്കുട്ടന്‍ ഇതെല്ലാം കണ്ടു ഭയപ്പെട്ടു ..വേദന കൂടിക്കൂടി മണിക്കുട്ടന്റെ വയര്‍ പോട്ടാരയെന്നു തോന്നി മണിക്കുട്ടന്‍ ഒറ്റ അലര്‍ച്ച ..അലറിയതും കട്ടിലില്‍ നിന്നും താഴെ വീണതും ഒരുമിച്ചായിരുന്നു ..

ഓപെരറേഷന്‍  കട്ടിലില്‍ നിന്നല്ല മറിച്ച്‌ മണിക്കുട്ടന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നു തന്റെ വീട്ടിലെ കട്ടിലില്‍ നിന്നാണ് വീണത് ...സ്വപ്നത്തില്‍ നിന്നും യാഥാര്ധ്യങ്ങളിലെക്കുള്ള
ഒരു വീഴ്ച ആയിരുന്നു അത് ..

വീഴ്ചയുടെ ശബ്ദം കേട്ട് അച്ഛനും അമ്മയും മണിക്കുട്ടന്റെ മുറിയിലേക്ക് ഓടിഎത്തി ..എന്താ മോനെ എന്ത് പറ്റി ...
പതുക്കെ തപ്പി തടഞ്ഞു എഴുന്നേറ്റ കുട്ടി  തന്റെ കൊച്ചു കണ്ണുകള്‍ തിരുമ്മിക്കൊണ്ട് അമ്മയോട് ചോദിച്ചു ..."അമ്മെ ഈ പേറും പ്രസവോം എന്നൊക്കെ പറയുന്നത് വലിയ സംഭവമാ അല്ലെ യെന്തൊരു കഷ്ട്ടപ്പാടാ .."

പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മ ചോദിച്ചു അതിനു നീ പെറ്റിട്ടുണ്ടോ..

മണിക്കുട്ടന്‍ ഒന്നും മിണ്ടിയില്ല ...അന്ന് മണിക്കുട്ടന്‍ ഒന്ന് തീരുമാനിച്ചു തന്റെ കണ്ടുപിടുത്തം ആരോടും പറയണ്ട തനിക്ക് അന്ഗീകാരങ്ങള്‍ ഒന്നും വേണ്ടാ...
തന്റെ കണ്ടുപിടുത്തം ലോകമരിഞ്ഞില്ലെങ്കിലും വേണ്ട പുരുഷന്മാര്‍ക്ക് ഇത്ര വലിയ ഒരു പണി കൊടുക്കണ്ട എന്ന് വിചാരിച്ച മനിക്കുട്ടനിലെ വിശാല മനസ്കന് നന്ദി ...!!!!!!!!!!!!!@

[പത്തുമാസം ചുമടുതാങ്ങി പുരുഷനെ ലോകര്‍ക്ക് മുന്‍പില്‍ പുരുഷനാക്കി നിര്‍ത്തുന്ന മാതൃ ഹൃദയങ്ങള്‍ക്ക്‌ ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു ]